Wednesday, June 8, 2011

സ്‌കൂളില്‍ ജൈവ വൈവിധ്യമൊരുക്കി പുറത്തൂര്‍ ജി.യു.പിയിലെ കുട്ടികള്‍


 ജൈവ വൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ ആവാസ വ്യവസ്ഥയുടെ ചെറിയ പതിപ്പുകള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് പുറത്തൂര്‍ ജി.യു.പി സ്‌കൂള്‍. സ്‌കൂള്‍ മൈതാനത്ത് കുളവും ക്ലാസ്മുറികളില്‍ അക്വേറിയവുമാണ് സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയത്. പദ്ധതിക്കുള്ള അംഗീകാരമായി സീഡ്പദ്ധതിയില്‍ തിരൂര്‍ വിദ്യാഭ്യാസജില്ലയിലെ ഹരിതവിദ്യാലയത്തിനുള്ള മൂന്നാംസ്ഥാനം സ്‌കൂളിന് ലഭിച്ചിരുന്നു.

സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പില്‍നിന്നുള്ള 25,000 രൂപ ഉപയോഗിച്ചാണ് സ്‌കൂള്‍മുറ്റത്ത് കുളവും പൂമ്പാറ്റകള്‍ക്കായി പൂന്തോട്ടവും ഒരുക്കിയത്. താറാവ്, പ്രാവ്, മുയല്‍ എന്നിവയെയും വിദ്യാര്‍ഥികള്‍ വളര്‍ത്തുന്നുണ്ട്.

പ്രകൃതിയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ച് മേശവിരികള്‍, സഞ്ചികള്‍, ചവിട്ടികള്‍ എന്നിവ നിര്‍മിച്ചായിരുന്നു പ്ലാസ്റ്റിക്കിനെ വിദ്യാര്‍ഥികള്‍ പ്രതിരോധിച്ചത്. തുണിയും കയറുമൊക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് നിറംപകരാന്‍ പൂക്കളില്‍നിന്നുണ്ടാക്കുന്ന വര്‍ണങ്ങളും ഉപയോഗപ്പെടുത്തുന്നു. നിറംപകരാന്‍ പൂക്കളില്‍നിന്നുള്ള വര്‍ണങ്ങളും ഉപയോഗപ്പെടുത്തി. ''പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കുക'' എന്ന സന്ദേശം സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ പ്രചരിപ്പിച്ചു. 'ഒരു മരം ഒരു സൗഹൃദം' പരിപാടിയില്‍ ഓരോ വീട്ടിലും ഓരോ മരം നട്ട് സൗഹൃദത്തിന്റെ പുതിയ മാതൃകയും ഇവര്‍ ഉണ്ടാക്കി. പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം, ലഹരി ഉത്പന്നങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണം, സെമിനാറുകള്‍, പഠനക്ലാസുകള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സീഡ് പദ്ധതിയുടെ ഭാഗമായി നടത്തി.

ക്ലാസ്മുറികളിലിരുന്നുള്ള പഠനത്തേക്കാള്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യം പുറത്തിറങ്ങി അറിവുകള്‍ ശേഖരിക്കാനാണ്. ഇതുകൊണ്ട് പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികളില്‍നിന്ന് മികച്ച പ്രതികരണമാണുള്ളതെന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി. ജയദീപ് പറഞ്ഞു.
 Mathrubhumi.com

1 comment:

  1. മാതൃകയാക്കാവുന്ന പ്രവര്‍ത്തനം

    ReplyDelete

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..