Wednesday, September 22, 2010

ബാല്യകാലം

തൂവിരല്‍ തുമ്പുകൊണ്ടെഴുതുന്ന
നാലക്ഷരങ്ങളാം നമ്മുടെ ബാല്യകാലം
ഓര്‍മതന്‍ ചെറുമുറ്റത്തെത്തിയൊന്നാകുന്ന
ആദ്യാക്ഷരങ്ങളാം ബാല്യകാലം
സ്നേഹവും നന്മയും സംക്രമിച്ചൊഴുകുന്ന
വിദ്രുമക്കടലാണെന്‍ ബാല്യകാലം
കുഞ്ഞാറ്റക്കുരുവികള്‍ക്കൊപ്പം
നടന്നുകൊണ്ടൊരു കൊച്ചു കിന്നാരം
പറഞ്ഞ കാലം
തുമ്പിയെക്കൊണ്ടൊരു കല്ലെടുപ്പിച്ചീടാന്‍
തുമ്പപ്പൂവൊന്നു പറിച്ചീടുവാന്‍
പാടിപ്പറക്കുന്ന പക്ഷികളെപ്പോലെ
തേടിയലഞ്ഞു പറന്നു നമ്മള്‍
കല്ലായിപ്പുഴയിലെ നീരാട്ടിന്‍ തീരത്ത്
കണ്ണാരം പൊത്തിക്കളിച്ചു നമ്മള്‍
മണ്ണു കുഴച്ചിട്ട് കണ്ണന്‍ ചിരട്ടയില്‍
മണ്ണപ്പം ചുട്ടു കളിച്ചു നമ്മള്‍
അക്കരക്കാവിലെയുത്സവം കാണാനായ്
ആര്‍ത്തു തിമിര്‍ത്തന്നു പോയി നമ്മള്‍
കുഞ്ഞിക്കഥകളും കുഞ്ഞിക്കവിതയും
ചൊല്ലിപ്പറഞ്ഞു രസിച്ചു നമ്മള്‍
വീട്ടിന്‍ വളപ്പിലോരോലപ്പുര കെട്ടി
കഞ്ഞിവെച്ചന്നു കുടിച്ച നേരം
വെള്ളരിപ്രാവിന്റെ തൂവലു കൊണ്ടന്നു
ഇക്കിളി കൂട്ടിക്കളിച്ചു നമ്മള്‍
കടലാസു കൊണ്ടൊരു തോണിയുണ്ടാക്കിക്കൊണ്ടതില്‍
കൊച്ചുറുമ്പിനെക്കേറ്റി തുഴഞ്ഞു വിട്ടു
എന്നിട്ടും ചേണുറ്റ ചിത്രപതംഗമായ്
മിന്നിമറഞ്ഞുപോയ്
ബാല്യകാലം
മാതളപ്പൂ പോല്‍ വിടര്‍ന്നു ചിരിക്കുന്ന
ലാവണ്യമോലുന്ന ബാല്യകാലം
(മലയാളം ക്ലാസിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപം കൊണ്ട മികച്ച സൃഷ്ടികളിലൊന്ന്)
ഹരിത . എ .
ഏഴാം തരം,
ഗവ:ഹയര്‍ സെക്കന്‍റ്ററി സ്കൂള്‍, കൊട്ടപ്പുറം

No comments:

Post a Comment

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..