Saturday, June 25, 2011

ഒരു ക്ലാസില്‍ ഒരു ലൈബ്രറി: എം.ഐ ഗേള്‍സ് സ്‌കൂള്‍ മാതൃകയാകുന്നു

പുത്തന്‍ തലമുറയ്ക്ക് മുന്നില്‍ വായനസംസ്‌കാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പുതുപൊന്നാനി എം.ഐ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒരു ക്ലാസില്‍ ഒരു ലൈബ്രറി പദ്ധതി തുടങ്ങുന്നു. കുട്ടികളില്‍നിന്ന് പണം ശേഖരിച്ച് ഒരു ക്ലാസില്‍ ഒരുവര്‍ഷം പത്ത് പുസ്തകങ്ങള്‍ വാങ്ങിക്കും. ഈ പുസ്തകങ്ങള്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളും വായിച്ചുകഴിഞ്ഞശേഷം ക്ലാസ്ടീച്ചറെ ഏല്പിക്കണം. അടുത്തവര്‍ഷങ്ങളിലും ഈ രീതിയില്‍ വാങ്ങിക്കുകയും ശേഖരിച്ചുവെക്കുകയുംചെയ്യും. കൂടാതെ ക്ലാസ്സിലെ ഓരോ കുട്ടികളോടും വര്‍ഷത്തില്‍ രണ്ടില്‍ കുറയാത്ത പുസ്തകങ്ങള്‍ വാങ്ങി വായിക്കാനും അധ്യാപകര്‍ നിര്‍ദേശം നല്‍കുന്നുണ്ട്. ഇങ്ങനെ വാങ്ങുന്ന പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞശേഷം ക്ലാസ് ലൈബ്രറിയിലേക്ക് നല്‍കാവുന്നതുമാണ്.

ഇത്തരത്തില്‍ അഞ്ചുവര്‍ഷംകൊണ്ട് ഓരോക്ലാസിലും നൂറോളം പുസ്തകങ്ങളുടെ ശേഖരമൊരുക്കാനാകുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ. പദ്ധതി പ്രാവര്‍ത്തികമായാല്‍ ഈ വര്‍ഷം സ്‌കൂളിലെ 47 ക്ലാസുകളിലായി 500 പുസ്തകങ്ങള്‍ ശേഖരിക്കപ്പെടും.

കുട്ടികളില്‍ വായനശീലവും നിരൂപണശേഷിയും വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ വിവിധ പദ്ധതികള്‍ ഒരോ ക്ലാസ് കേന്ദ്രീകരിച്ചും നടപ്പാക്കുന്നുണ്ട്. സ്‌കൂള്‍ ലൈബ്രറിയില്‍നിന്ന് ഒരുകുട്ടി ഒരു പുസ്തകമെങ്കിലും വായിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഈ പുസ്തകത്തെക്കുറിച്ചും രചയിതാവിനെക്കുറിച്ചും സ്വന്തമായി എഴുതി നല്‍കുകയുംവേണം. ഇതിനായി പ്രത്യേക പുസ്തകംതന്നെ ഒരോ കുട്ടിക്കുമുണ്ട്.

ഒരു ക്ലാസില്‍ ഒരു ലൈബ്രറി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പുസ്തകമേള സംഘടിപ്പിച്ചു. ഇതില്‍ 20,000 രൂപയുടെ പുസ്തകങ്ങള്‍ കുട്ടികള്‍ വാങ്ങിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ സെക്രട്ടറി ജി. മുരളി നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ സി.വി. നൗഫല്‍ അധ്യക്ഷതവഹിച്ചു. നഗരസഭാ സ്ഥിരംസമിതി ചെയര്‍മാന്മാരായ പി.എം. സീനത്ത്, എം. ഹൈദ്രലി, പ്രിന്‍സിപ്പല്‍ പ്രേമാവതി, പി.ടി.എ പ്രസിഡന്റ് പി.ടി. അലി, സി.എം. മുസ്തഫ, അഷറഫ് ചെട്ടിപ്പടി, കെ. ചന്ദ്രന്‍, എം. സുല്‍ഫിക്കര്‍, ഡാര്‍ലി ചാക്കോ, ഫാരിഷ, നവ്യ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
mathrubhumi.com

1 comment:

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..