Monday, July 11, 2011

സര്‍വശിക്ഷാ അഭിയാന്‍ വികസന പദ്ധതികളുടെ ഉദ്ഘാടനം


വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. ഓണം, ക്രിസ്മസ് ടേം പരീക്ഷകള്‍ പുനഃസ്ഥാപിക്കും.

ടേം പരീക്ഷകളുടെ എണ്ണം കുറച്ചത് വിദ്യാര്‍ഥികളുടെ നിലവാരത്തെ ബാധിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അവ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വശിക്ഷാ അഭിയാന്‍ ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മലപ്പുറം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

2011-12 അധ്യയനവര്‍ഷം 475 കോടി രൂപയാണ് എസ്.എസ്.എയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. അതില്‍ ആറ് കോടി രൂപയുടെ പദ്ധതി ജില്ലയില്‍ നടപ്പിലാക്കും. മുന്‍തവണത്തേക്കാള്‍ വ്യത്യസ്തമായി ഇക്കുറി സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ക്കും പണം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. ക്ലസ്റ്റര്‍ സ്‌കൂളുകള്‍ക്കുള്ള ലാപ്‌ടോപ്പുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. സ്‌കൂള്‍ ഇംപ്രൂവ്‌മെന്റ് ഗ്രാന്റ് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞുവും ടീച്ചര്‍ ഗ്രാന്റ്, ലബോറട്ടറി ഗ്രാന്റ്, ലൈബ്രറി ഗ്രാന്റ് എന്നിവ യഥാക്രമം കെ.പി. ജല്‍സീമിയ, സുധാകരന്‍, ടി. വനജ എന്നിവരും വിതരണം ചെയ്തു. ഇലക്ട്രിഫിക്കേഷന്‍ ഫണ്ട് ഡി.ഡി.ഇ. കെ.സി. ഗോപിയും വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍മാര്‍ക്കുള്ള കൈപ്പുസ്തകം ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി.കെ. ഇബ്രാഹിംകുട്ടി പ്രകാശനം ചെയ്തു.

നഗരസഭാ കൗണ്‍സിലര്‍ പാലോളി കുഞ്ഞിമുഹമ്മദ്, പി. അബ്ദുള്‍ മജീദ്, എം.ടി. അലവിക്കുട്ടി, മുഹമ്മദ് ബഷീര്‍, മാത്യു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഇ.പി. മുഹമ്മദ് മുനീര്‍ സ്വാഗതവും ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.പി. രത്‌നാകരന്‍ നന്ദിയും പറഞ്ഞു.
mathrubhumi.com

No comments:

Post a Comment

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..