Wednesday, July 6, 2011

എസ്.എസ്.എ.യുടെ 66കോടി; സര്‍ക്കാര്‍ സ്‌കൂളുകള്‍ മുഖം മിനുക്കുന്നു

മലപ്പുറം: വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസത്തിലൂടെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സര്‍വശിക്ഷാ അഭിയാന്‍ ജില്ലയില്‍ നടപ്പാക്കുന്ന 66കോടി 32 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വികസനപദ്ധതികളുടെ ഉദ്ഘാടനം ഒന്‍പതിന് നടക്കും. കാലത്ത് 11ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് മലപ്പുറം കോട്ടപ്പടി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള പതിനൊന്ന് സര്‍ക്കാര്‍ എല്‍.പി. സ്‌കൂളുകള്‍, പത്ത് യു.പി സ്‌കൂളുകള്‍, എന്നിവയുടെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഒരുകോടി ഒരു ലക്ഷത്തി എണ്‍പത്തിഅയ്യായിരം രൂപ അനുവദിച്ചിട്ടുണ്ട്.

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, എയിഡഡ് യു.പി. സ്‌കൂളുകള്‍ക്കും ലാബ് ശാക്തീകരണത്തിന് അയ്യായിരം രൂപ വീതം നല്‍കും. ക്ലസ്റ്റര്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന എഴുപത് സര്‍ക്കാര്‍ യു.പി. സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കുന്നു. ഓരോ ഉപജില്ലയിലെയും ഒരുസ്‌കൂളില്‍ ഡിജിറ്റല്‍ ക്ലാസ്സുമുറികള്‍ സ്ഥാപിക്കുന്നതിനും ഈ വര്‍ഷത്തെ പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 7500 രൂപവീതം ജില്ലയിലെ 632 സ്‌കൂള്‍ യൂണിറ്റുകള്‍ക്കായി 4740000 രൂപയും വിതരണം ചെയ്യുന്നുണ്ട്.

ജില്ലയില്‍ എയിഡഡ് ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കുമായി 8613000 രൂപ ഗ്രാന്‍ഡ് നല്‍കും. ഇതില്‍ അയ്യായിരം രൂപവീതം 1108 എല്‍.പി. സ്‌കൂളുകള്‍ക്കും ഏഴായിരം വീതം 439 യു.പി. സ്‌കൂളുകള്‍ക്കുമാണ് നല്‍കുന്നത്.

പ്രധാനാധ്യാപകരുടെ ക്ലാസ്‌റൂം മോണിറ്ററിങ് കാര്യക്ഷമമാക്കുന്നതിന് മലപ്പുറം എസ്.എസ്.എ.യും ഡയറ്റും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന 'പാഠമുദ്രകള്‍' എന്ന കൈപ്പുസ്തകം എല്ലാ പ്രധാനാധ്യാപകര്‍ക്കും വിതരണം ചെയ്യും.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ യു.പി സ്‌കൂളുകളിലും കുറഞ്ഞത് അഞ്ച് കമ്പ്യൂട്ടറുകളെങ്കിലും ലഭ്യമാക്കുകയും വിദ്യാര്‍ഥികളുടെ സായാഹ്ന പഠനകേന്ദ്രങ്ങളായ 'പഠനവീടു'കളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയുമാണ്. എസ്.എസ്.എ. അടിയന്തരമായി ഏറ്റെടുക്കുന്ന മറ്റ് പദ്ധതികളെന്ന് അധികൃതര്‍ പറഞ്ഞു.

കൂടാതെ ജില്ലയിലെ പരിശീലകര്‍ക്കുള്ള ശാക്തീകരണ പരിപാടിയായ 'കളരി'യുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനായി 11,12 തീയതികളില്‍ വിവിധ ബി.ആര്‍.സി.കളില്‍ സെമിനാര്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഇ.പി. മുഹമ്മദ് മുനീര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.പി. രത്‌നാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Mathrubhumi.com

No comments:

Post a Comment

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..