Monday, November 14, 2011

മലബാറില്‍ മാനുഷികവിഭവ വികസനകേന്ദ്രത്തിന് പിന്തുണ നല്‍കും -മന്ത്രി അഹമ്മദ്

ലബാര്‍ പ്രദേശത്ത് മാനുഷികവിഭവ വികസന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിദ്യാഭ്യാസ അവകാശ നിയമബോധവത്കരണ-പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം സെന്റ്‌ജെമ്മാസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ മറ്റു വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം പിന്നിലാണ്. രാജ്യത്തിന്റെ മാനവവിഭവശേഷി ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കാനോ ഉപയോഗിക്കാനോ നമുക്കായിട്ടില്ല. സംസ്ഥാനം വിദ്യാഭ്യാസത്തില്‍ മുന്നിലാണെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തില്‍ പിറകിലാണ്. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് മികച്ച സംവിധാനങ്ങള്‍ ഒരുക്കാന്‍ വ്യവസ്ഥയുണ്ട്. അത് ശരിയായി നടപ്പാക്കണം. വിദ്യാഭ്യാസ പദ്ധതികള്‍ക്ക് പണം ചെലവഴിക്കുന്നതോടൊപ്പം അവ വിലയിരുത്തപ്പെടുകയും വേണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു. എല്ലാവരെയും വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കത്തക്ക രീതിയില്‍ ചിട്ടയോടും സമയബന്ധിതമായും നിയമം നടപ്പാക്കുമെന്ന് അബ്ദുറബ്ബ് പറഞ്ഞു.

മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. തൊഴില്‍ യുവാക്കളുടെ അവകാശമാണെന്നും സാങ്കേതികവിദ്യാ മേഖലയിലടക്കം നിരവധി തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമപത്രിക 'മുദ്ര' പി.ഉബൈദുള്ള എം.എല്‍.എ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.ജല്‍സീമിയക്ക് നല്‍കി പ്രകാശനംചെയ്തു.

ജില്ലാകളക്ടര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, മലപ്പുറം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം.ഗിരിജ, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് സി.കെ.എ.റസാഖ്, എസ്.എസ്.എ അഡീഷണല്‍ ഡയറക്ടര്‍ എല്‍.രാജന്‍, ഡി.ഡി.ഇ കെ.സി.ഗോപി, ഉമ്മര്‍ അറക്കല്‍, ഫാ. തോമസ് പനക്കല്‍ എന്നിവര്‍ പങ്കെടുത്തു.

എസ്.എസ്.എ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ. കെ.എം.രാമാനന്ദന്‍ സ്വാഗതവും ജില്ലാ പ്രോജക്ട് ഓഫീസര്‍ ഇ.പി.മുഹമ്മദ്മുനീര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..