Monday, November 14, 2011

മലയാളിക്കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലണ്ടിലെ സംഘമെത്തി


നി ഇംഗ്ലണ്ടിലെ സായിപ്പന്മാരും മദാമ്മമാരും നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കും. സ്‌കൂള്‍കുട്ടികളുടെ ഇംഗ്ലീഷ് ഉച്ചാരണം ഭംഗിയുറ്റതും തനിമയുള്ളതുമാക്കാന്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് പുതിയൊരു പരീക്ഷണത്തിനൊരുങ്ങുകയാണ്. ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യത്തെ തിരഞ്ഞെടുത്ത വ്യക്തികള്‍ കേരളത്തിലെ ക്ലാസ്മുറികളില്‍ അധ്യാപകരായെത്തുന്ന പദ്ധതിക്ക് തുടക്കമിടുന്നത് നിലമ്പൂരിലെ മാനവേദന്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. നിലമ്പൂര്‍ നഗരസഭയുടെ വിദ്യാഭ്യാസ വികസന പദ്ധതിയായ 'സദ്ഗമയ' ആണ് ഇതിന് അരങ്ങൊരുക്കുന്നത്.

ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും നിന്ന് എട്ടുപേരെ നിയോഗിച്ചുകഴിഞ്ഞു. ഇവരില്‍ നാലുപേര്‍ ശനിയാഴ്ച നിലമ്പൂരിലെത്തി. ആഗോളപ്രസിദ്ധമായ ട്രാവല്‍ മാഗസിന്‍ 'വാണ്ടര്‍ ബെസ്റ്റി'ല്‍ പരസ്യംകൊടുത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ ലണ്ടനില്‍പോയി അഭിമുഖം നടത്തിയാണ് 'അധ്യാപകരെ' തിരഞ്ഞെടുത്തത്.

കാര്‍ലഫ്‌ളാക്ക്, ആന്‍ഡ്ര്യൂ, ഇമെല്‍ഡ ഡെവ്‌ലിന്‍, ബിവര്‍ലി കേയ് ആല്‍പോര്‍ട്ട് എന്നിവരാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നാലുമാസം ഈ അധ്യാപകര്‍ ക്ലാസ്മുറികളില്‍ കുട്ടികളുമായി ഇടപഴകുകയും ഇംഗ്ലീഷ് തനിമയോടെ പറയാന്‍ പഠിപ്പിക്കുകയും ചെയ്യും. സാധാരണ സ്‌കൂള്‍ സമയത്തിന് മുമ്പും ശേഷവും പ്രത്യേക ക്ലാസുകളും ഇവര്‍ നടത്തും. സ്‌കൂളിലെ അധ്യാപകരും ഇവരുടെ ക്ലാസില്‍ ഉണ്ടാവും. സ്‌കൂളധ്യാപകര്‍ക്കും ഒരേസമയം നല്ല ഇംഗ്ലീഷ് പഠിക്കുന്നതിന് സഹായിക്കുംവിധമുള്ള സംഘപ്രവര്‍ത്തനമാണ് 'ബ്രിട്ടീഷ്‌സംഘം' ലക്ഷ്യമിടുന്നത്. ഇവര്‍ തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിക്കും.

സംസ്ഥാനത്തെ ഇംഗ്ലീഷ് ഭാഷാപഠനത്തിന്റെ അന്തരീക്ഷം ഉള്‍ക്കൊള്ളുന്നതിനായി തൃശ്ശൂരിലെ 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷി'ല്‍ ഏതാനും ദിവസത്തെ പരിശീലനം നേടിയ ശേഷമാണ് സംഘം നിലമ്പൂരിലെത്തുന്നത്. പഠിപ്പിക്കല്‍ തുടങ്ങും മുമ്പുതന്നെ 'സദ്ഗമയ'യുടെ നേതൃത്വത്തില്‍ സ്‌കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും ജ്ഞാനനിലവാരം സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പദ്ധതി വിജയിച്ചാല്‍ സംസ്ഥാനവ്യാപകമാക്കാന്‍ ആലോചിക്കുമെന്ന് വിദേശസംഘത്തെ സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും പൊതുവിദ്യാഭ്യാസ സെക്രട്ടറി ശിവശങ്കറും പറഞ്ഞു.

'കേരളത്തിലെ സാക്ഷരതാനിലവാരം അദ്ഭുതകരമാണ്. എന്നാല്‍ ഇവിടെ ക്ലാസിലെ കുട്ടികളുടെ എണ്ണം വളരെയധികമാണ്. ഞങ്ങളുടെ നാട്ടില്‍ ഒരുക്ലാസില്‍ പരമാവധി 30 കുട്ടികളേ ഉണ്ടാവൂ' -കാര്‍ലയും ഇമെല്‍ഡയും പറഞ്ഞു.

ഇംഗ്ലണ്ടില്‍ പ്രഭാഷണ പ്രധാനമല്ല അധ്യാപനമെന്ന് ഇവര്‍ പറഞ്ഞു. പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഊന്നിയ പഠനമാണ് കൂടുതല്‍. നല്ലതും അതുതന്നെയാണ്. ഇവിടത്തെ കുട്ടികള്‍ അനാവശ്യമായി ലജ്ജാശീലരാണ്. ഒഴുക്കോടെ തുറന്നുസംസാരിക്കാന്‍ അവര്‍ മടിക്കുന്നു. അവരെ തുറന്നുപറയാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം -സംഘാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഗ്ലാസ്‌ഗോ സ്വദേശിനിയായ ഇമെല്‍ഡ ഡെവ്‌ലിന്‍ കരിയര്‍ അഡൈ്വസറാണ്. കാര്‍ല ഫ്‌ളാക്ക് ലണ്ടനില്‍ സ്‌കൂള്‍ ലെയ്‌സണ്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നു. ആന്‍ഡ്രൂവും ബിവര്‍ലി ആല്‍പോര്‍ട്ടും ദമ്പതിമാരും വിദ്യാഭ്യാസ കരിക്കുലം മാനേജ്‌മെന്റ് രംഗത്തുള്ളവരാണ്. വന്യജീവി ഫോട്ടോഗ്രാഫര്‍ കൂടിയാണ് ആന്‍ഡ്ര്യൂ.

മാധ്യമപ്രവര്‍ത്തകരെ കാണുന്നതിന് മലപ്പുറത്തെത്തിയ സംഘത്തോടൊപ്പം സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടര്‍ റീന ഫ്രാന്‍സിസ്, 'സദ്ഗമയ'യുടെ മുഖ്യ ശില്പിയും നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനുമായ ആര്യാടന്‍ ഷൗക്കത്ത്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ പാലോളി മെഹബൂബ്, 'സദ്ഗമയ' പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ബാബുവര്‍ഗീസ് എന്നിവരും ഉണ്ടായിരുന്നു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് എത്തി സംഘാംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

No comments:

Post a Comment

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..