Sunday, October 9, 2011

സൗരമുഖത്ത് 'പുതിയകളങ്ക'മെന്ന വാദവുമായി അധ്യാപകര്‍

സൂര്യനിരീക്ഷണത്തിനിടെ സൗരമുഖത്ത് കണ്ട കറുത്ത പൊട്ട് (സൗരകളങ്കം) അപൂര്‍വ പ്രതിഭാസമാണെന്ന് അവകാശപ്പെട്ട് നെല്ലിക്കുത്ത് ഗവ. വി.എച്ച്.എസ്.എസ്സിലെ അധ്യാപകനും അമേച്ചര്‍ അസ്ട്രാണമിസ്റ്റുമായ ഇല്ല്യാസ് പെരിമ്പലവും എം.വി. സുനീഷും രംഗത്തെത്തി. സ്‌കൂള്‍ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളോടൊപ്പം മൂന്ന് ദിവസമായി നിരീക്ഷണം നടത്തുമ്പോഴാണ് കൗതുകകരമായ കറുത്തപൊട്ട് ശ്രദ്ധയില്‍പ്പെട്ടത്. ഒരു ദിവസംകൊണ്ട് ഒരു ചുറ്റ് പൂര്‍ത്തിയാക്കുന്ന ഈ പൊട്ട് അറിയപ്പെടുന്ന സൗരകളങ്കമല്ലെന്ന് ഇരുവരും പറയുന്നു. സൗരകളങ്കങ്ങള്‍ക്ക് സ്ഥാനമാറ്റമുണ്ടാകുന്നത് സൂര്യന്റെ ഭ്രമണ ഫലമായിട്ടാണ്. ഈ ഭ്രമണത്തിന് 24 ദിവസവും നാലുമണിക്കൂറും വേണം. പകുതി ദിവസവും സൂര്യന്റെ പിറകുവശത്തായിരിക്കും സൗരകളങ്കങ്ങളുണ്ടാവുക. എന്നാല്‍ നിരീക്ഷണത്തിലൂടെ കണ്ട കറുത്തപൊട്ട് പിറകുവശത്ത് പോകാതെ ഒരുദിവസം കൊണ്ട് സൂര്യനില്‍ അന്തര്‍വൃത്തം ചമയ്ക്കുകയാണ്.

സൂര്യഗ്രഹണം ദര്‍ശിക്കുന്നതിനുള്ള സോളാര്‍ ഫില്‍ട്ടര്‍ കണ്ണടകളുപയോഗിച്ച് നിരീക്ഷിച്ചപ്പോള്‍ യാദൃച്ഛികമായി ദൃഷ്ടിയില്‍ പതിഞ്ഞ കറുത്തപൊട്ട് എട്ടിഞ്ച് വ്യാസമുള്ള സെ്‌കെവാച്ചര്‍ റിഫ്‌ളക്ടീവ് ദൂരദര്‍ശിനി വഴി അധ്യാപകര്‍ കൂടുതല്‍ പഠനത്തിന് വിധേയമാക്കുകയായിരുന്നു. ഇത്തരം ഒന്നിലധികം പൊട്ടുകള്‍ കണ്ടുവെന്നും ഇതില്‍ വലിപ്പം കൂടിയതിന് സൂര്യവ്യാസത്തിന്റെ പതിനഞ്ചിലൊന്ന് വരുമെന്നും ഇരുവരും പറയുന്നു. ഒരു ലക്ഷത്തിനടുത്ത് ചതുരശ്ര കിലോമീറ്റര്‍ വ്യാസമുള്ള സൂര്യനിലെ ഈ ഭാഗത്തുനിന്ന് പ്രകാശം പുറപ്പെടുന്നില്ലെന്നാണ് ഇതിനര്‍ഥം.

കറുത്തപൊട്ടിനെക്കുറിച്ച് കൂടുതല്‍ വിവരശേഖരണം നടത്താന്‍
ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തകര്‍ ജ്യോതിശാസ്ത്ര രംഗത്തെ വിദഗ്ധരുമായി ആശയവിനിമയം നടത്തി വരികയാണ്. 2010 ജനവരി 15ന് നടന്ന വലയ സൂര്യഗ്രഹണത്തെക്കുറിച്ചുള്ള സമ്പൂര്‍ണവിവരങ്ങള്‍ മാസങ്ങള്‍ക്കുമുമ്പ് കണ്ടെത്തി ജനങ്ങളിലെത്തിച്ച് സ്‌കൂളിലെ ശാസ്ത്രക്ലബ്ബ് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കെ. ജയദീപ്, എം. ബിജു, കെ. മുഹമ്മദ്, ശ്രീജി, സി. ഗോപി എന്നിവര്‍ നേതൃത്വംനല്‍കി.

No comments:

Post a Comment

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..