Wednesday, November 2, 2011

ഇംഗ്ലീഷ് അധ്യാപകര്‍ക്കുള്ള പരിശീലനം

ജില്ലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ റീജ്യണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷിന്റെ പരിശീലന പരിപാടിക്ക് നിലമ്പൂരില്‍ തുടക്കമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന ഇംഗ്ലീഷ് അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി രണ്ട്, മൂന്ന്, നാല് തീയതികളില്‍ നിലമ്പൂര്‍ ഐ.എം.എ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ കൂടുതലായി പഠിക്കുന്ന നിലമ്പൂര്‍ മേഖലയിലെ തിരഞ്ഞെടുത്ത 50 ഇംഗ്ലീഷ് അധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ആവശ്യമെങ്കില്‍ തുടര്‍പരിശീലനം നല്‍കും. ഗവണ്മെന്റ് നല്‍കുന്ന പട്ടികയിലുള്ള 50 അധ്യാപകര്‍ക്കാണ് പരിശീലനം. ഭാഷാപ്രാവീണ്യം അധ്യാപക തലത്തില്‍ വളര്‍ത്തി വിദ്യാര്‍ഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. പരിശീലനത്തിന്റെ മുന്നോടിയായി ബന്ധപ്പെട്ടവര്‍ പ്രദേശത്തെ ഏതാനും സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികളുമായി ആശയവിനിമയം നടത്തി.

ആന്ധ്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് റീജ്യണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ്. 1963ലാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്.

പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം എം.എ. റസാഖ്, ഇന്‍സ്റ്റിറ്റിയൂട്ട് ഫാക്കല്‍റ്റി പി.കെ. ജയരാജ്, ലക്ചറര്‍ എസ്. ഗുരുരാജ്, സി. പ്രേംകുമാര്‍, ബാബു വര്‍ഗിസ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..